Tuesday, January 31, 2012

അമ്മയുടെ കരളും കാത്തില്ല; ആതിര യാത്രയായി



Posted on: 31 Jan 201
ആലുവ: പ്രാണന്‍പോലും പകുത്തുനല്‍കാന്‍ സന്മനസ്സു കാട്ടിയ അമ്മയേയും പ്രാര്‍ഥനയോടെ കാത്തിരുന്ന നാടിനേയും തീരാദുഃഖത്തിലാഴ്ത്തി ആതിര യാത്രയായി. മഞ്ഞപ്പിത്തബാധയെത്തുടര്‍ന്ന് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക്‌വിധേയയായ ആലുവ തുരുത്ത് പുത്തന്‍പുരയില്‍ ബാലചന്ദ്രന്‍-ഗിരിജ ദമ്പതിമാരുടെ മകള്‍ ആതിര (ചിന്നു-24) തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. രണ്ടാഴ്ചമുമ്പാണ് ആതിരയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം കരളിനെ ബാധിച്ചതോടെ കരള്‍മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മകളുടെ ജീവന്‍ രക്ഷിക്കുന്നതിനായി അമ്മ ഗിരിജയാണ് തന്റെ കരളിന്റെ 75 ശതമാനത്തോളം നല്‍കിയത്. ചികിത്സാച്ചെലവിന്റെ ഒരുഭാഗം നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കി. ബാക്കിതുക കടംപറഞ്ഞാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഇതിനിടെ, അമ്മ ഗിരിജയ്ക്ക് ഹൃദയസ്തംഭനമുണ്ടാകുകയും ആന്‍ജിയോപ്ലാസ്റ്റി നടത്തുകയുംചെയ്തു. ഇവര്‍ സുഖംപ്രാപിച്ചുവരുന്നതിനിടെ, ആതിരയില്‍ മാറ്റിവച്ച കരള്‍, മരുന്നുമായി പ്രതികരിക്കാതെവന്നു. ഞായറാഴ്ചമുതല്‍ ആതിരയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ന് മരിച്ചു.

എന്‍ജിനീയറിങ് ബിരുദധാരിയായ ആതിര തൃക്കാക്കര എന്‍ജിനീയറിങ് കോളേജിലെ ഗസ്റ്റ് അധ്യാപികയാണ്. ആസ്പത്രിയില്‍നിന്ന് മൃതദേഹം തൃക്കാക്കര കോളേജിലെത്തിച്ച് പൊതുദര്‍ശനത്തിനുവെച്ചശേഷമാണ് ആലുവ തുരുത്തിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. തുരുത്ത് പാലം കവലയില്‍നിന്ന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹത്തില്‍ പി. രാജീവ് എംപി, അന്‍വര്‍സാദത്ത് എംഎല്‍എ, എസ്. ശര്‍മ എംഎല്‍എ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോമി, അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, എം.ഒ. ജോണ്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ആലുവ എസ്എന്‍ഡിപി ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.
                                                അമ്മയുടെ അന്ത്യ ചുംബനം
















Manorama Online Malayalam News Kerala