Tuesday, July 31, 2012

ജഗതിയുടെ സ്വന്തം ശ്രീലക്ഷ്മി


നടന്‍ ജഗതി ശ്രീകുമാറിന് മറ്റൊരു മകള്‍ കൂടിയുണ്ടെന്ന വെളിപ്പെടുത്തലുമായി വന്ന മംഗളം വാരിക ഒരുപാടുപേരെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ചിരുന്നു. ജഗതി അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ പുറത്തുവന്ന മംഗളം സ്‌ക്കൂപ്പിനെതിരെ വിമര്‍ശനവുമുയര്‍ന്നു. എന്നാല്‍ ഈ അഭിമുഖം നേരത്തെ തയാറാക്കിയാണെന്ന് വ്യക്തമാക്കി മംഗളം വാരിക കൈകഴുകിയതോടെ വിവാദങ്ങള്‍ക്കും വിരാമമായി.

ഇപ്പോഴിതാ മംഗളം വാരികയെ കടത്തിവെട്ടുന്ന മറ്റൊരു എക്‌സ്‌ക്ലൂസീവുമായി മനോരമ വാരിക രംഗത്തെത്തിയിരിക്കുകയാണ്. ജഗതിയുടെ മകളെ തന്നെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ് മനോരമ ആഴ്ചപതിപ്പിന്റെ പുതിയ ലക്കം വിപണിയിലെത്തിയിരിക്കുന്നത്.

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ മുഖചിത്രവുമായി തന്നെ പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പില്‍ ഇവരുടെ കുടുംബചിത്രവും അഭിമുഖവുമെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജഗതിയ്ക്ക് മറ്റൊരു മകളുള്ള കാര്യം പലര്‍ക്കുമൊരു പുതിയ അറിവാണെങ്കിലും നടന്റെ കുടുംബാംഗങ്ങള്‍ക്കെല്ലാം ഇക്കാര്യം നേരത്തെ അറിവുള്ളതാണെന്ന് അഭിമുഖം വായിക്കുമ്പോള്‍ മനസ്സിലാവും.

തിരുവനന്തപുരം കരുമത്തെ
'നന്ദനം' എന്ന വീട്ടിലാണ് ശ്രീലക്ഷ്മിയും അമ്മ കല ശ്രീകുമാറും താമസിയ്ക്കുന്നത്. എണ്‍പതുകളുടെ തുടക്കത്തിലാണ് ജഗതിയും താനും പരിചയപ്പെടുന്നതെന്ന് കല പറയുന്നു. കലയുടെ ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ജഗതി.

അക്കാലത്ത് വിദ്യാര്‍ഥിനിയായിരുന്ന കല ജഗതിയുടെ നിര്‍ബന്ധപ്രകാരം
'ഇനിയും ഒരു കുരുക്ഷേത്രം' എന്ന ചിത്രത്തില്‍ അഭിനയിച്ചു. തങ്ങള്‍ക്കിടയിലെ സൗഹൃദം പതുക്കെ പ്രണയമായി വളരുകയായിരുന്നുവെന്ന് മനോരമ ആഴ്ചപ്പതിപ്പിലെ അഭിമുഖത്തില്‍ കല വിശദീകരിയ്ക്കുന്നുണ്ട്.

ജഗതിയെ ആശുപത്രിയിലെത്തി കണ്ടുവെന്ന് ശ്രീക്ഷ്മി

ജഗതി സംവിധാനം ചെയ്ത അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നുവെന്ന സിനിമയ്ക്ക് പുറമെ കിരീടം, മെയ്ദിനം, ദശരഥം, ന്യൂസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ സിനിമകളില്‍ കല അഭിനയിച്ചിരുന്നു. ഈ സിനിമകളിലെല്ലാം ജഗതിയും ഉണ്ടായിരുന്നു.

ഇക്കാലത്ത് തങ്ങള്‍ക്കിടയിലുണ്ടായിരുന്ന സുഹൃദ്ബന്ധം പ്രണയമായി വളര്‍ന്നുവെന്നും പിന്നീട് ഗുരുവായൂരില്‍ പോയി വിവാഹം കഴിച്ചുവെന്നുമാണ് കല പറയുന്നത്. ജഗതി കഴുത്തിലണിയിച്ച താലി മാത്രമാണ് വിവാഹത്തിന് തെളിവെന്നും അവര്‍ വ്യക്തമാക്കുന്നു.

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന ജഗതിയെക്കാണാന്‍ മകള്‍ ശ്രീലക്ഷ്മിയുമൊത്ത് കല കോഴിക്കോട്ടെ മിംസ് ആശുപത്രിയിലെത്തിയിരുന്നു. നടന്‍ ജഗദീഷാണ് ഇവരുടെ യാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്. കലയും ശ്രീലക്ഷ്മിയും ആശുപത്രിയിലെത്തുമ്പോള്‍ ജഗതിയുടെ ഭാര്യ ശോഭയും രണ്ട് മക്കളും മറ്റു ബന്ധുക്കളുമെല്ലാം അവിടെയുണ്ടായിരുന്നു

രാത്രി വൈകിയതിനാല്‍ ഐസിയുവില്‍ കയറിക്കാണാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. ഒടുവില്‍ ജഗതിയുടെ മകള്‍ പാര്‍വതി ഡോക്ടര്‍മാരെ കണ്ട് അനുവാദം ചോദിച്ചതിന് ശേഷമാണ് ഇരുവര്‍ക്കും ജഗതിയെ കാണാന്‍ കഴിഞ്ഞത്.

സിനിമയിലേക്കില്ലെന്ന് ജഗതിയുടെ മകള്‍ 

തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി പഠനത്തിനൊപ്പം കലാരംഗത്തും ഇതിനോടകം കഴിവുതെളിയിച്ചിട്ടുണ്ട്. എസ്എസ്എല്‍സി 92 ശതമാനം മാര്‍ക്കോടെ വിജയിച്ച ശ്രീലക്ഷ്മി ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളില്‍ പലവട്ടം കലാതിലകപ്പട്ടമണിഞ്ഞിട്ടുണ്ട്.

കലാരംഗത്തു മിന്നിത്തിളങ്ങുന്നുണ്ടെങ്കിലും മകളെ വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കാന്‍ ജഗതിയ്ക്ക് ആഗ്രഹമില്ലത്രേ. സത്യന്‍ അന്തിക്കാട് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ക്ഷണിച്ചിട്ടും പപ്പ ഇക്കാര്യത്തില്‍ താത്പര്യം കാണിച്ചില്ലെന്ന് ശ്രീലക്ഷ്മി അഭിമുഖത്തില്‍ പറയുന്നു. വെറുതെ ജീവിതം കളയേണ്ടെന്നായിരുന്നു പപ്പ പറഞ്ഞത്.

സിനിമാനടിയാകാന്‍ സൗന്ദര്യം മാത്രം മതി. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോസ്ഥയാവാന്‍ വിവരവും വേണം. സൗന്ദര്യം എപ്പോള്‍ വേണമെങ്കിലും നശിയ്ക്കാം. എന്നാല്‍ അറിവ് നശിയ്ക്കില്ലെന്നാണ് പപ്പ പറഞ്ഞതെന്ന് ശ്രീലക്ഷ്മി ഓര്‍ക്കുന്നു.

മകളെ ഒരു ഐഎസ്എസുകാരിയാക്കുകയാണ് ജഗതിയുടെ ആഗ്രഹം ശ്രീലക്ഷ്മിയെക്കുറിച്ച് ലോകമറിയുന്നത് ഇപ്പോഴാണെങ്കിലും മകളുടെ അഡ്മിഷനും സ്‌കൂള്‍ കലോത്സവത്തിനും പ്രോഗ്രസ് കാര്‍ഡ് ഒപ്പിടാന്‍ പോകുന്നതുമെല്ലാം ജഗതി തന്നെയായിരുന്നു.
കടപ്പാട്:- One india Malayalam. On March 19 ,2012.